International

‘ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളവർ സുരക്ഷിതർ’; വീട്ടിലേക്ക് ആൻ ടെസ്സയുടെ ഫോൺ കോൾ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലില്‍ കുടങ്ങിയ തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ് കുടുംബവുമായി ഫോണില്‍ സംസാരിച്ചു. വീട്ടിലേക്ക് വിളിച്ച ആൻ കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും, യാതൊരുവിധ പ്രശ്നങ്ങളില്ലെന്നും, കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും അറിയിച്ചു.

കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പിവി ധനേഷ് എന്നിവരാണു കപ്പലിലുള്ള മറ്റ് മലയാളികൾ. ശനിയാഴ്ച രാവിലെ ശ്യാം നാഥും വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നു. കപ്പലിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്

ഇനി ഫോൺ എപ്പോൾ ലഭിക്കുമെന്ന് അറിയില്ലെന്നും. ഫോൺ കോൾ വൈകിയാൽ വിഷമിക്കരുതെന്നും ആൻ ടെസ്സ കുടുംബത്തോട് പറഞ്ഞു. കപ്പൽ ജീവനക്കാർ അവരുടെ ജോലി തുടരുകയാണെന്നും ആൻ ടെസ്സ അറിയിച്ചു. ഇറാന്‍ സൈന്യം കപ്പലിൽ അകപ്പെട്ടവർക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ അവസരം ഒരുക്കുമെന്നും കപ്പലിൽനിന്നും ഫോൺ കോൾ ഏതുനിമിഷവും വന്നേക്കുമെന്നും എംബസിയിൽ നിന്നും കുടുംബത്തിനു വിവരം ലഭിച്ചിരുന്നു.

അതിനു പിന്നാലെയാണ് ആൻ ടെസ്സയുടെ ഫോൺ കോൾ കുടുംബത്തെ തേടിയെത്തിയത്. മകൻ സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ ഇടപെടലിൽ വളരെയധികം പ്രതീക്ഷയുണ്ടെന്നും ശ്യാം നാഥിന്റെ പിതാവ് വിശ്വനാഥ മേനോൻ പറഞ്ഞു. കപ്പലിലെ സെക്കൻഡ് എൻജിനീയറായ ശ്യാം നാഥ് 10 വർഷമായി ഇതേ കമ്പനിയിൽ ജീവനക്കാരനാണ്. ഏഴു മാസം മുൻപായിരുന്നു ഈ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്.

വയനാട് മാനന്തവാടി സ്വ​ദേശിയായ പി വി ധനേഷ് ഏപ്രിൽ 12ന് വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നു. ഈ മാസം തന്നെ താൻ വീട്ടിലേക്കു എത്തുമെന്ന് മകൻ അറിയിച്ചിരുന്നുവെന്ന് പിതാവ് വിശ്വനാഥൻ അറിയിച്ചു. 2010 മുതൽ ധനേഷ് വിവിധ ചരക്ക് കപ്പലുകളിൽ ജോലി ചെയ്യുകയാണ്. 3 വർഷം മുമ്പാണ് എംഎസ്‌സി ഏരീസ് കപ്പലിൽ ജോലി ആരംഭിക്കുന്നത്.

രണ്ടു മാസം മാത്രം പ്രായമുളള തന്റെ കുഞ്ഞിനെ കാണാൻ ഈ മാസം ധനേഷ് വരാനിരിക്കുകയായിരുന്നു. ഹോർമുസ് കടലിടുക്കിനു സമീപം ശനിയാഴ്ച ഉച്ചയോടെയാണ് യുഎഇയിൽനിന്ന് മുംബൈയിലേക്കു വരികയായിരുന്ന ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് കപ്പൽ ഇറാൻ സേന പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലെയ്ക്ക് വരികയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇസ്രയേലിൻ്റെ ‘എംഎസ്‌സി ഏരീസ്’ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button