NewsPolitics

‘സി പി എം തുടരും’ : കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത്, കോണ്‍ഗ്രസ് വെട്ടിലായി

കോണ്‍ഗ്രസിനെ വെട്ടിലാക്കി തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറയുന്നതാണ് പുറത്തുവന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പാര്‍ട്ടി സജീവമാക്കിയിരിക്കെ പുറത്തുവന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും.

സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്ന് പാലോട് രവി പറയുന്നതും ഫോണ്‍ സംഭാഷണത്തില്‍ കേൾക്കാം.. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് രവിയുടെ വാദം. തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലീം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകുമെന്നും പാലോട് രവി മുന്നറിയിപ്പ് നല്‍കി.

‘പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിലാകുമെന്നു’- കോണ്‍ഗ്രസ് ഡി സി സി അധ്യക്ഷൻ പറയുന്നു. മുസ്ലീം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.

നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ചിന്നഭിന്നമാക്കുകയാണെന്നും പാലോട് രവി പറയുന്നു. ഫോൺ സംഭാഷണം കോണ്‍ഗ്രസിനകത്തും പുറത്തും വലിയ കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button