എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കും : സിപിഎം

എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരുകൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കം ചെയ്യാൻ ശ്രമമാണിത്. കേരളത്തിൽ ഫലപ്രദമായി ഫോറം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 80 ശതമാനം പൂർത്തിയായെന്നാണ് കമ്മീഷൻ പറയുന്നത്. എത്രത്തോളം നിയമ യുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ടു പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വിഷയത്തില്‍ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
തദ്ദേശതെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകുമെന്നാണ് സർക്കാർ കോടതിയില്‍ വാദിച്ചത്. ഡിസംബർ 4 നാണ് എസ് ഐ ആർ പൂർത്തിയാക്കേണ്ടത്. തദ്ദേശതെരഞ്ഞെടുപ്പ് ഡിസംബർ 9,11തിയതികളിൽ നടക്കുമ്പോൾ രണ്ട് സുപ്രധാന ജോലികളിലും ഒരേ ഉദ്യോഗസ്ഥർ തന്നെ പങ്കാളികളാകുമ്പോൾ പ്രായോഗിക പ്രശ്നങ്ങൾ ഏറെയുണ്ടെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ 55 ശതമാനം ജോലികൾ പൂർത്തിയായ ഘട്ടത്തിൽ സർക്കാരിന്റെ ഈ ഹർജി ദുരുദ്ദേശപരമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം കേട്ട ഹൈക്കോടതി, സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയാണ് അഭികാമ്യമെന്ന് നേരത്തെയും പറഞ്ഞിരുന്നു. നിലവില്‍ സുപ്രീം കോടതിയെ സമീപിക്കാൻ ഉത്തരവായിരിക്കുകയാണ്.




