മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പത്രിക സമർപ്പിക്കും; ധർമ്മടത്ത് റെക്കോർഡ് ഭൂരിപക്ഷം ലക്ഷ്യം; പടയൊരുക്കത്തിനിടെ വിമത ഭീഷണിയിൽ സി.പി.എം

മൂന്നാം തവണയും ധർമ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. ഇത് ഏഴാം തവണയാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈകിട്ട് മമ്പുറത്ത് നടന്ന എൽഡിഎഫ് കൺവെൻഷനിൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം,ശ്രേയസ് കുമാർ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.
അതേസമയം, വിമത ഭീഷണി മറികടന്ന് എങ്ങിനെ മുന്നോട്ട് പോകുമെന്നതാണ് സിപിഐഎമ്മിന് മുന്നിലുളള വെല്ലുവിളി.സംസ്ഥാനത്ത്, പ്രത്യേകിച്ച് മുൻപെങ്ങുമില്ലാത്തവിധത്തിലുളള സാഹചര്യത്തിലാണ് എൽഡിഎഫും സിപിഐഎമ്മും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർട്ടിയുടെ ഉയർന്ന ഘടകങ്ങളിൽ ഉളളവരും ജനസ്വാധീനമുളളവരുമായ നേതാക്കൾ ഒന്നിച്ച് പാർട്ടിക്കെതിരെ മത്സരത്തിനിറങ്ങുന്നത് സമീപ കാലത്ത് ഇതാദ്യമാണ്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇത്തരമൊരു പ്രതിസന്ധി എന്നതാണ് പ്രശ്നം. വിമതരായി രംഗപ്രവേശം ചെയ്തവരെ വർഗവഞ്ചകൻ,കുലംകുത്തി, പാർലമെൻററി വ്യാമോഹി എന്നൊക്ക പറഞ്ഞ് പ്രവർത്തകരെ
വികാരം കൊളളിച്ച് എതിർക്കുകയാണ് സിപിഐഎം ആവിഷ്കരിച്ചിരിക്കുന്ന പോംവഴി.എന്നാൽ പാർട്ടിനേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളോട് സമൂഹം എങ്ങനെ പ്രതികരിക്കും എന്നത് ഇപ്പോഴും ആശങ്കയാണ്.


