KeralaNews

സിപിഎം നേതാവിന്റെ വധഭീഷണി : പാര്‍ട്ടി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി

നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ജാഗ്രത പാലിക്കണം. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും സിപിഎമ്മിന്റെ ഒരു നേതാവിന്റെ ഭാഗത്തു നിന്നും വരാന്‍ പാടില്ലാത്തതാണ്. ഈ വിഷയത്തില്‍ വസ്തുത പരിശോധിക്കും. സിപിഐയുമായി സൗഹൃദത്തിലാണ് പോകുന്നതെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

ഇടതുമുന്നണിയില്‍ എവിടെയൊക്കെയാണ് പ്രശ്‌നങ്ങളെന്ന് മാധ്യമങ്ങള്‍ ബോധപൂര്‍വം പിന്തുടര്‍ന്ന്, മുന്നണിയിലെ ചെറിയ അഭിപ്രായഭിന്നതകളെ പര്‍വതീകരിച്ച് കാണിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തെ നന്നായി പ്രമോട്ട് ചെയ്യാനുള്ള താല്‍പ്പര്യമാണ് ഇതിനു പിന്നില്‍ അതുകൊണ്ടാണ് മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ കതകള്‍ മെനഞ്ഞ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മാന്യതയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം. ഞങ്ങളുടെ മനസ്സില്‍ പോലും ഇല്ലാത്ത കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും സുരേഷ് ബാബു പറഞ്ഞു.

അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണനെ ആണ് സിപിഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. ഫോണ്‍ സംഭാഷണം രാമകൃഷ്ണന്‍ പുറത്തു വിട്ടിരുന്നു. പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സിപിഎം മുന്‍ ഏരിയ സെക്രട്ടറി വിആര്‍ രാമകൃഷ്ണന്‍ മത്സരിക്കുന്നത്.

ഇന്നലെ രാത്രിയാണ് രാമകൃഷ്ണനെ ലോക്കൽ സെക്രട്ടറി ജംഷീര്‍ ഫോണിൽ വിളിച്ച് മത്സരത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്നും നിങ്ങൾ എന്തു ചെയ്യുമെന്നും രാമകൃഷ്ണൻ ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയത്. നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നും ജംഷീർ ഭീഷണിപ്പെടുത്തിയിരുന്നു. പത്രിക പിൻവലിക്കില്ലെന്നും വലിയ അഴിമതിയാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും വി ആർ രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button