News

ജി. സുധാകരന്റെ വിശ്വസ്തൻ പി.ജി. സൈറസിനെ സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

അമ്പലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും മുൻ പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റുമായ പി.ജി. സൈറസിനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ കുറച്ചു കാലമായി പാർട്ടിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. 2006-2011 കാലയളവിൽ ജി സുധാകരൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ സജീവമായിരുന്നു സൈറസ്. അമ്പലപ്പുഴയിലെ പാർട്ടി രാഷ്ട്രീയത്തിൽ ജി. സുധാകരന്റെ വിശ്വസ്തരിലൊരാളായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയാണ് സൈറസ്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പുന്നപ്ര സൗത്ത് പഞ്ചായത്തിന് സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ നാല് മാസമായി ഏരിയ കമ്മിറ്റി യോഗങ്ങളിൽ സൈറസ് പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണമായി പാർട്ടി നൽകുന്ന വിശദീകരണം. നേരത്തെ പാർട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും സൈറസിനെ ഒഴിവാക്കിയിരുന്നു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജി. സുധാകരൻ മത്സരിക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തനായ നേതാവിനെതിരെ നടപടി വരുന്നത് രാഷ്ട്രീയമായി ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button