KeralaPolitics

പത്തനംതിട്ട CPM ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി മുതിര്‍ന്ന നേതാവ് ആരോപണം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായി മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് യോഗത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്.

രണ്ടു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേര്‍ക്കുനേര്‍ പോരടിച്ചത്. മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം ഏറെ നേരം നീണ്ടുനിന്നു. മന്ത്രി വാസവന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്. തര്‍ക്കത്തിനൊടുവില്‍ ഒരു നേതാവ് രാജിവെക്കുന്നതായി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടെ വിമര്‍ശനം ഉന്നയിച്ച നേതാവിനെ പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ ജില്ലാ നേതാവ് അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്തുവെന്നും മര്‍ദ്ദിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഇദ്ദേഹം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ഇതില്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

തോമസ് ഐസക്കിനെതിരെ നേരത്തെ തന്നെ മണ്ഡലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കുടുംബശ്രീ, ഹരിതകര്‍മ്മ സേന, ആശാ വര്‍ക്കര്‍മാരെ അടക്കം ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുവെന്നാണ് യുഡിഎഫ് ഉന്നയിച്ച ആരോപണം. എന്നാലിത് തോമസ് ഐസക് നിഷേധിച്ചിരുന്നു.

കുടുംബശ്രീ യോഗം നടക്കുന്നുണ്ടെങ്കിൽ അവിടെ സ്ഥാനാർത്ഥിയെന്ന നിലയിൽ പോയി വോട്ട് അഭ്യർത്ഥിക്കുന്നതിൽ തെറ്റില്ല. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടർ വിശദീകരണം തേടിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുമായി തനിക്ക് വർഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയർമാൻ താനായിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല. വിജ്ഞാന പത്തനംതിട്ട എന്ന തൊഴിൽദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തുടങ്ങിയതാണ്. അത് കെ ഡിസ്‌ക് വഴിയാണ് നടപ്പാക്കുന്നത്. കെ ഡിസ്‌ക് ആ ജോലി തുടരുക തന്നെ ചെയ്യും. സ്ഥാനാർത്ഥിയായതിനാൽ ഇപ്പോൾ അതിൽ ഇടപെടുന്നില്ല. പരാജയഭീതി മൂലമാണ് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നൽകുമെന്നും ഐസക്ക് പറഞ്ഞു.

Related Articles

Back to top button