സിപിഎമ്മിന് ക്രിമിനലുകളെ ഭയം’, മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടി : വിഡി സതീശൻ

തിരുവനന്തപുരം:ക്രിമിനൽ കേസുകളിൽപെട്ട സിപിഎം ബന്ധമുള്ള പ്രതികൾക്ക് വാരിക്കോരി പരാൾ അനുവദിക്കുന്നതിൽ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതിൽ നിയമസഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. നോട്ടീസ് നൽകിയ കെകെ രമക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയമാണോ എന്ന് വിഡി സതീശൻ ചോദിച്ചു. സ്വർണ്ണക്കൊള്ള അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭ കവാടത്തിൽ സത്യാഗ്രഹസമരം തുടങ്ങി. സ്വർണ്ണക്കൊള്ളയിൽ പലവട്ടം സഭക്കുള്ളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരുണ്ടായി.
സഭയിൽ പ്രതിഷേധിച്ചതിന് പിന്നാലെ പ്ലക്കാര്‍ഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങുകയായിരുന്നു. സര്‍ക്കാരിനും സിപിഎമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നൽകുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകി. ടി പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ജയിൽ ഡി ഐ ജിപിയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ കെ രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും വിഡി സതീശൻ ചോദിച്ചു. പരോൾ മാനദണ്ഡം പോലും ലംഘിച്ചു.
കുഞ്ഞികൃഷ്ണൻ കോടതിയിൽ പോയി സംരക്ഷണം തേടി. കുഞ്ഞികൃഷ്ണനെ വധിക്കാനാണോ കുറ്റവാളിയെ പുറത്തിറക്കിയത് എന്ന് സംശയമുണ്ട്. ഈ വിഷയം നിയമസഭയിൽ പറയാനുള്ള ഗൗരവം ഇല്ലേ. നിയമസഭയിൽ അല്ലാതെ പുത്തരിക്കേണ്ടത്ത് ആണോ വിഷയം ചർച്ച ചെയ്യേണ്ടത്. പ്രതികളെ ഭയന്നാണ് സിപിഎം ജീവിക്കുന്നത്. അനധികൃതമായാണ് പരോളുകൾ നൽകുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകി. എന്നാൽ, നോട്ടീസ് തള്ളിയതിന് പിന്നാലെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. ഇതിനുപിന്നാലെ സ്പീക്കര്‍ സഭാനടപടികള്‍ തുടര്‍ന്നു.
സഭാനടപടികള്‍ തുടരുന്നതിനിടെയും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. മന്ത്രി വി ശിവൻകുട്ടിയും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ സഭയിൽ വാക്ക്പോരുണ്ടായി. ഭരണ പക്ഷത്തെ വിരട്ടാൻ വരരുതെന്നും നാളുകള്‍ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും വേണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രിമാരുടെ നേരെ വരണ്ടെന്നും സ്വർണ്ണ കള്ളൻമാർ പോയത് സോണിയയെ കാണാനാണെന്നും വി ശിവൻകുട്ടി പറഞ്ഞു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി തിരിച്ചടിച്ചു. ഭരണപക്ഷവും ശിവൻകുട്ടിക്കൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ സംസാരം തുടരാൻ സ്പീക്കര്‍ ശിവൻകുട്ടിയോട് ആവശ്യപ്പെട്ടു. ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ എന്ന് കെ.ടി ജലീൽ മുദ്രാവാക്യം വിളിച്ചു.




