
നിർമാതാവ് സാന്ദ്ര തോമസിന്റെ ഹർജി തള്ളി കോടതി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നൽകിയ പത്രിക തള്ളിയതിനെതിരെ, സാന്ദ്ര നൽകിയ ഹർജിയാണ് കോടതി തള്ളിയത്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്ര തോമസിന് മത്സരിക്കാന്‍ സാധിക്കില്ല.
“വിധി നിരാശാജനകം, അപ്രതീക്ഷിതം. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികൾ സ്വീകരിക്കും”.- എന്നാണ് സാന്ദ്ര തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ബൈലോ പ്രകാരം നിർദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക വരണാധികാരി തള്ളിയത്.
എന്നാല്‍ അസോസിയേഷന്റെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നായിരുന്നു സാന്ദ്രയുടെ വാദം. 9 സിനിമകൾ തന്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ടെന്നും രണ്ടു ബാനറിൽ സിനിമകൾ ചെയ്തുവെന്ന പേരിലാണ് തന്റെ പത്രിക തള്ളിയത് എന്നുമായിരുന്നു സാന്ദ്രയുടെ വാദം.
രണ്ടു ബാനറില്‍ സിനിമകള്‍ ചെയ്ത മറ്റൊരു നിര്‍മാതാവിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു. പത്രിക തള്ളിയ നടപടി അനീതിയും പക്ഷപാതപരവുമാണെന്നാണ് ഹര്‍ജിയില്‍ സാന്ദ്ര ഉന്നയിച്ചത്.