നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി കോടതി നോട്ടീസ് അയച്ചു. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമര്‍പ്പിച്ച കുറ്റപത്രത്തിന് മറുപടി തേടിയാണ് നോട്ടീസ്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സോണിയക്കും രാഹുലിനും എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കണം എന്ന് ജഡ്ജി വിശാല്‍ ഗോഗ്നെ ചൂണ്ടിക്കാട്ടി. കുറ്റാരോപിതര്‍ക്കെതിരെ കേസ് എടുക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കുന്നതിന് മുമ്പ് അവരുടെ വാദം കേള്‍ക്കാനുള്ള പ്രത്യേക അവകാശം അവര്‍ക്കുണ്ട്. കോടതി നിരീക്ഷിച്ചു. കേസില്‍ കഴിഞ്ഞമാസമാണ് ഇഡി സോണിയക്കും രാഹുലിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് ആരോപണം.