Kerala

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം : പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം

ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ പ്രതിഷേധം കടുപ്പിച്ച് തൃശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റികള്‍. ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷേധ സംഗമത്തിന് പിന്നാലെ തൃശൂരിലെ പ്രശസ്തമായ ആറാട്ടുപുഴ ക്ഷേത്രത്തില്‍ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പഞ്ചാരിമേളം നടത്തി പ്രതിഷേധിച്ചു. ആറാട്ടുപുഴ പൂരത്തില്‍ നടത്തുന്ന മേളത്തിന് സമാനമായിട്ടാണ് പ്രതീകാത്മക പഞ്ചാരിമേള പ്രതിഷേധം നടത്തിയത്.

ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിലാണ് ആനച്ചമയങ്ങളുടെ പശ്ചാത്തലത്തില്‍ മേളപ്പെരുക്കത്തോടെ പ്രതീകാത്മക പ്രതിഷേധ പ്പൂരം നടത്തിയത്. 1442 വര്‍ഷത്തെ പഴക്കമുള്ള താണ് ആറാട്ടുപുഴ പൂരം. നിലവിലെ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് പൂര്‍വ്വാചാരപ്രകാരം ആറാട്ടുപുഴ പൂരം ഉള്‍പ്പടെയുള്ള പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയില്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ പറഞ്ഞു.

പൂരം നടത്തിപ്പ് ദുഷ്‌ക്കരമായ ഈ സാഹചര്യത്തിലാണ് ആറാട്ടുപുഴ പൂരം ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ എല്ലാ പൂരങ്ങളും ഉത്സവങ്ങളും വേലകളും സംരക്ഷിക്കുകയും പൂര്‍വ്വികാചാര പ്രകാരം ഇവ നടത്തുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും വേണ്ടി ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ പതിയുന്നതിനുവേണ്ടിയാണ് ഈ പ്രതീകാത്മക പൂരം സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. പൂരത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവരും ഭക്തരും ആസ്വാദകരും വിവിധ ക്ഷേത്ര ക്ഷേമ സമിതികളും പങ്കെടുത്തു. നാളെ തൃശൂരില്‍, തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തില്‍ വിപുലമായ പൂരം സംരക്ഷണ യോഗം ചേരുന്നുണ്ട്.

ആനകളെ എഴുന്നള്ളിക്കാതെ നെറ്റിപ്പടവും വെഞ്ചാമരവും ഉള്‍പ്പെടെ പ്രത്യേകമായി ഉയര്‍ത്തിവെച്ചുകൊണ്ടാണ് പഞ്ചാരിമേളം നടത്തിയത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി തീരുമാനം എടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുതിയ നിയന്ത്രണം തൃശൂര്‍ പൂരത്തെയും ആറാട്ടുപുഴ പൂരത്തെയും ഉള്‍പ്പെടെ ബാധിക്കുമെന്നാണ് പരാതി.

ഉത്സവങ്ങളും ആഘോഷങ്ങളും സംരക്ഷിക്കുക, ആന എഴുന്നള്ളിപ്പ് സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ആന ആചാരത്തിന്റെ ഭാഗമല്ലെന്നും രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും ഉണ്ടാകില്ലെന്നും ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് തൃശ്ശൂരിലെ വിവിധ ക്ഷേത്രം കമ്മിറ്റികള്‍ പ്രതിഷേധം കടുപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button