
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി സ്ത്രീകള്‍ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും വിഷയത്തില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിഹാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലുമായി ബന്ധപ്പെട്ട് തുടര്‍ നടപടിയെടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ കരുത്തരാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ‘ഇങ്ങനെയൊരു ആരോപണം വന്നപ്പോള്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ ഒക്കെ വേഗത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തു. ദാറ്റ്‌സ് ആള്‍.’എന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. രാജി ആവശ്യപ്പെടുന്നവര്‍ മുന്‍പ് ഇത്തരം പരാതി വന്നപ്പോള്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് അനുഭവമുള്ളതാണല്ലോ എന്നും കെ സി വേണുഗോപാല്‍ ഒരു സ്വകാര്യ ചനലിനോട് പറഞ്ഞു.
ആരോപണം ഉയര്‍ന്നപ്പോള്‍ സ്വയം രാജിവയ്ക്കുന്നു എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പാര്‍ട്ടി ആവശ്യപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി. വിഷയത്തില്‍ ആദ്യമായാണ് കെ സി വേണുഗോപാല്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.



