KeralaNews

സുധാകരനെ മാറ്റിയതിൽ കോൺഗ്രസിൽ പോര് കനക്കുന്നു; മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി രാജി പ്രഖ്യാപിച്ചു

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയതില്‍ കോൺഗ്രസിൽ പോര് കനക്കുന്നു. നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂരിലെ മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗം പുരോഗമിക്കവെ, സുധാകരനെ മാറ്റിയുള്ള എ ഐ സി സി വാര്‍ത്താക്കുറിപ്പ് ഇറക്കിയ വാര്‍ത്ത വരികയും പിന്നാലെ കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിക്കുകയുമായിരുന്നു.

യോഗത്തില്‍ എന്‍ പി ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ധര്‍മടം ബ്ലോക്ക് പ്രസിഡന്റ് കെ വി ജയരാജന്‍, ബ്ലോക്ക് ഭാരവാഹികളായ സി ദാസന്‍, കെ സുരേഷ്, എ ദിനേശന്‍, സി എം അജിത്ത് കുമാര്‍, പി ഗംഗാധരന്‍, പി കെ വിജയന്‍, ഇ കെ രേഖ, മഹിള കോണ്‍ഗ്രസ് ധര്‍മടം ബ്ലോക്ക് പ്രസിഡന്റ് ബീന വട്ടക്കണ്ടി, സേവാദള്‍ ധര്‍മടം നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍ മഹാദേവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സുധാകരനെ മാറ്റി അഡ്വ. സണ്ണി ജോസഫ് എം എല്‍ എയെയാണ് പുതിയ കെ പി സി സി അധ്യക്ഷനായി നിയമിച്ചത്. സാമുദായിക സമവാക്യത്തിനാണ് ഇത്തരമൊരു നീക്കമെന്നാണ് ന്യായീകരണം. എം എം ഹസനെ മാറ്റി അടൂര്‍ പ്രകാശ് എം പിയെ യു ഡി എഫ് കണ്‍വീനറായും നിയമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button