KeralaNews

റേഷൻ കാർഡ് വിവാദം: ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽനിന്നും നീക്കും

കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽനിന്നും നീക്കാൻ നിർദേശം. ഇത് സംബന്ധിച്ച് അടൂർ ആർഡിഒ ഉത്തരവിറക്കി. വ്യാജമായി റേഷൻകാർഡിൽ പേര് ചേർത്തുവെന്ന പരാതിക്ക് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽനിന്നും താലൂക്ക് സപ്ലൈ ഓഫീസർ നീക്കിയിരുന്നു.

റദ്ദാക്കപ്പെട്ട റേഷൻകാർഡിലെ മേൽവിലാസത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർപട്ടികയിൽ ചേർത്തിരുന്നത്. റേഷൻ കാർഡിലെ പേര് വെട്ടിയതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽനിന്നും പേര് വെട്ടുന്നത്. റേഷൻകാർഡ് മേൽവിലാസത്തിലെ വീടിന്റെ ഉടമസ്ഥരായ തുവയൂർ തെക്ക് സ്വദേശികളായ മൂന്ന് പേർ ശ്രീനാദേവിക്കെതിരെ പരാതി നൽകിയിരുന്നു. വീട്ടിൽ സ്ഥിരതാമസമില്ലെന്ന് അയൽവാസികളും മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയത്. പരാതിക്കാരുൾപ്പെടെ കാർഡിലുള്ള വ്യക്തികൾ സ്ഥിരതാമസമാക്കുമ്പോൾ റേഷൻ കാർഡ് അനുവദിക്കാമെന്നും അടൂർ താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞിരുന്നു.

എന്നാൽ അത് തന്റെ ബന്ധുവിന്റെ വീടാണെന്നും സ്ഥിരതാമസം ഉണ്ടായിരുന്നതാണെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. വീടിന് തനിക്ക് നിയമപരമായി ഉടമസ്ഥാവകശമുണ്ട്. തന്റെ അമ്മാവനും അമ്മായിയുമാണ് വീട്ടിലുണ്ടായിരുന്നത്. അവരുടെ മക്കളാണ് തനിക്കെതിരെ പരാതി നൽകിയതെന്നും ഇത് കുടുംബ പ്രശ്നമാണെന്നുമായിരുന്നു ശ്രീനാദേവി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button