ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസിന്റെ ബന്ധം, പ്രിയങ്കാ ഗാന്ധി നിലപാട് വ്യക്തമാക്കണം: എം വി ഗോവിന്ദന്‍

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ‘ജമാഅത്തെ ഇസ്‌ലാമി പഴയപോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇന്ത്യയിലാദ്യമായാണ് ജമാ അത്തെ ഇസ്‌ലാമിയെക്കുറിച്ച് ത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഈ നിലപാട് തന്നെയാണോ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനുള്ളത് എന്നത് പ്രിയങ്കാഗാന്ധി വ്യക്തമാക്കണം’. എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരില്‍ നടന്ന പ്രതിഷേധത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഇല്ലെന്നാണ് താന്‍ പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പഹല്‍ഗാം ആക്രമണം നടന്നതിന് പിന്നാലെ ആദ്യം പ്രതിഷേധം നടന്നത് ജമ്മു കശ്മീരിലാണ്. അതില്‍ പങ്കെടുക്കാത്ത ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയാണ്. വസ്തുതാപരമായ കാര്യം തന്നെയാണ് താന്‍ പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ അതിശക്തമായ ജനകീയമായ മുന്നേറ്റമുണ്ടായപ്പോള്‍ അതില്‍ നിന്ന് ഒഴിഞ്ഞുനിന്ന ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയാണ്. ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു’- ഗോവിന്ദന്‍ പറഞ്ഞു.
വക്കീല്‍ നോട്ടീസൊക്കെ നോക്കികൊള്ളാമെന്നും ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസയച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഗോവിന്ദന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് പറയാനുള്ള രാഷ്ട്രീയം വര്‍ഗീയതക്ക് എതിരാണ്. മുഖ്യമന്ത്രിയും മന്ത്രിയും ആകലല്ല ഞങ്ങളുടെ ലക്ഷ്യമെന്നും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി വികസസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും ജമാഅത്ത ഇസ്ലാമിയുമായി യുഡിഎഫ് കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.