ശശി തരൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചേക്കും

ദില്ലി: മഹാപഞ്ചായത്തില്‍ ലഭിച്ച അവഗണനയെ തുടര്‍ന്ന് കടുത്ത അതൃപ്തിയിലായ ശശി തരൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കമാരംഭിച്ചു. വിഷയത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കാനിടയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
തരൂരിനെ പിണക്കി നിര്‍ത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന സന്ദേശം മുതിര്‍ന്ന നേതാക്കള്‍ രാഹുലിന് കൈമാറിയതായാണ് വിവരം. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പിണക്കം തീര്‍ക്കുകയാണ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം.
തരൂരുമായി രാഹുല്‍ ഗാന്ധി തന്നെ സംസാരിക്കണമെന്ന നിര്‍ദ്ദേശം മറ്റ് നേതാക്കള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് യോഗത്തില്‍ ശശി തരൂര്‍ പങ്കെടുത്തിരുന്നെങ്കില്‍ രാഹുല്‍ അദ്ദേഹവുമായി സംസാരിക്കുമായിരുന്നുവെന്ന് എഐസിസി നേതാക്കള്‍ വ്യക്തമാക്കി. പ്രശ്നം വേഗത്തില്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.




