
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാംഗത്വം രാജി വയ്‌ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കിയിരുന്നു. എന്നാല്‍ പാലക്കാട് എംഎല്‍എ ആയ രാഹുല്‍ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ.
ലൈംഗിക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെ നേരിടുന്ന എം മുകേഷ് ഉള്‍പ്പെടെ എംഎല്‍എ സ്ഥാനത്ത് തുടരുന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സംഘടനാ പരമായി നടപടി എടുത്തു എന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
നടി റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വൈകീട്ട് രാഹുലിന്റെ പേരുപറയാതെ ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വ്യാഴാഴ്ച രാവിലെ എഴുത്തുകാരി ഹണി ഭാസ്‌കര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ മറ്റൊരു സ്ത്രീയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍കോള്‍ റെക്കോര്‍ഡ് കൂടി പുറത്തുവന്നതിന് ശേഷം ആയിരുന്നു രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചത്. അടൂരിലെ വസതിയില്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വമേധയാ ആണ് രാജിയെന്നായിരുന്നു പ്രതികരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ നടപടി എടുക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയായിരുന്നു രാജി. ആരോപണങ്ങളില്‍ മുഖംനോക്കാതെ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കിയിരുന്നു.