
കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടായിരിക്കില്ല. രണ്ടാംഘട്ട പട്ടികയില്‍ കണ്ണൂര്‍ ഒഴിച്ചിടുമെന്നാണ് വിവരം. ഇന്ദിരാ ഭവനില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും വിഷയം പരിശോധിക്കും. കെ സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്കി. കോൺഗ്രസിൻ്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് തന്നെയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള നീക്കങ്ങളും സുധാകരന് തുടങ്ങിയിട്ടുണ്ട്. കണ്ണൂർ സീറ്റ് നൽകിയില്ലെങ്കിൽ സുധാകരൻ കടുത്ത നിലപാടിലേക്ക് പോകുമെന്ന് കോൺഗ്രസിന് അറിയാം. അതുകൊണ്ടുതന്നെ സുധാകരനെ അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് കോൺഗ്രസ് തീരുമാനം.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന് അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന് അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന് അനുകൂലികളുടെ പ്രകടനം.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന് രമേഷ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് നെന്മാറയില് നിന്നാണ് ജനവിധി തേടുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.




