തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്: കെ എസ് ശബരിനാഥന് മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മേരി പുഷ്പവും മത്സരിക്കും. കുന്നുകുഴി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.
നഗരസഭയില്‍ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര് പി ശിവജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം.
101 വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകൾ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 29 സീറ്റ് മാത്രമാണ് കോർപറേഷനിൽ ഇത്തവണ എൽഡിഎഫിന് നേടാനായത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.
Congress has decided to contest the Thiruvananthapuram Corporation Mayor election.
congress,Kerala News,thiruvananthapuram news,Thiruvananthapuram Corporation,K S Sabarinadhan,



