ഈ മാസം അവസാനത്തോടെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും ; നാളെ വിശാല കെപിസിസി യോഗം

കൊച്ചി: ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൻ ഇറങ്ങാൻ കോൺഗ്രസ്. സിറ്റിങ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർത്ഥികളെയും ആദ്യം പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാട് കൂടി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. നിലവിൽ 21 സിറ്റിങ് എംഎൽഎമാരാണ് കോൺഗ്രസിന് ഉള്ളത്. സിറ്റിങ് എംഎൽഎമാരെയും സംവരണ സീറ്റിൽ മത്സരിക്കുന്നവരെയും ആദ്യം തന്നെ പ്രഖ്യാപിക്കും. ജയസാധ്യത കൂടി മുൻനിർത്തി ആയിരിക്കും തീരുമാനം. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഷാഫി പറമ്പിൽ എംപിയുടെ അഭിപ്രായം കൂടി പാർട്ടി പരിഗണിക്കും. തൃപ്പൂണിത്തുറയിൽ കെ ബാബു മത്സരരംഗത്ത് നിന്ന് മാറി നിൽക്കുമ്പോൾ ഒന്നിലേറെ പേരുകളാണ് മുന്നോട്ടുവരുന്നത്. ബാബുവിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം. കോൺഗ്രസിൽ ചില സീറ്റുകളിൽ തർക്കം ഉണ്ടെന്നും അത് ഉടൻ പരിഹരിക്കും എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
നാളെയാണ് വിശാല കെപിസിസി യോഗം. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് ഇന്ന് ഇടവേളയായിരിക്കെ കൊച്ചിയിൽ മുതിർന്ന നേതാക്കൾ ഒത്തുചേർന്നു. ദീപാ ദാസ് മുൻഷി, കെസി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല, അടൂർ പ്രകാശ്, സണ്ണി ജോസഫ് എന്നിവരാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ വൈകാതെ ചേരുന്ന യുഡിഎഫ് യോഗത്തിൽ പൂർത്തിയാക്കാനും ധാരണയായി.




