വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സെമി കേഡര്‍ ശൈലിയില്‍ നേരിടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

0

മലപ്പുറം: വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സെമി കേഡര്‍ ശൈലിയില്‍ നേരിടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മോഡലില്‍ തന്നെ നേതാക്കള്‍ക്ക് ഉത്തരവാദിത്തം നല്‍കി മണ്ഡലം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ഈ ശൈലി കൊണ്ട് വിജയിക്കാനായില്ലെങ്കിലും എല്‍ഡിഎഫിന്റെ 39,400 വോട്ടിന്റെ ഭൂരിപക്ഷം 12,201ലേക്ക് കുറക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷമായ 3859നെ മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് 18,840 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു. ഈ പാലക്കാട് മോഡല്‍ നിലമ്പൂരിലും ആവര്‍ത്തിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.

തിരെഞ്ഞെടുപ്പ് ബൂത്തുകളുടെ ചുമതല മണ്ഡലത്തിന് പുറത്തു നിന്ന് ഉള്ളവര്‍ക്ക് നല്‍കാനാണ് തീരുമാനം. ബ്ലോക്ക് ഭാരവാഹികള്‍ക്ക് മുകളിലുള്ള ആളുകള്‍ക്ക് ചുമതല നല്‍കും. ഈ ശൈലി തന്നെയാണ് നേരത്തെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരീക്ഷിച്ചത്. ഈ ശൈലി തന്നെ തുടരാനാണ് തീരുമാനം.

പഞ്ചായത്ത് തലങ്ങളില്‍ കോണ്‍ഗ്രസ് യോഗം സംഘടിപ്പിക്കും. വരുന്ന 11, 13 തീയതികളില്‍ യോഗം ചേരും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്നേ അനൗദ്യോഗിക തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ആര്യാടന്‍ ഷൗക്കത്തും വി എസ് ജോയിയും സജീവമാണ്. ഇരുവര്‍ക്കും വേണ്ടി സമൂഹ മാധ്യമങ്ങളില്‍ പ്രത്യേകം ഗ്രൂപ്പുകള്‍ നിലവിലുണ്ട്. ഇരുവരുടെയും നേട്ടങ്ങളും അംഗീകാരങ്ങളും വീഡിയോകളാക്കി പ്രചാരണം സജീവമാണ്. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നേതാക്കള്‍ പരമാവധി ശ്രമിക്കുന്ന കാഴ്ചയും ഇപ്പോള്‍ നിലമ്പൂരില്‍ കാണാന്‍ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here