
വ്യവസായ പ്രമുഖനും കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട റോയിയുടെ ഇടത് നെഞ്ച് തകർത്ത് പിൻഭാഗത്ത് കൂടി കടന്നുപോയതായാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. വെടിയുണ്ട ശ്വാസകോശവും ഹൃദയവും തുളച്ചുകയറി. 6.35 മില്ലീമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. നെഞ്ചിനു നേരെ തോക്കു ചൂണ്ടി വെടിയുതിർത്തതായിരിക്കാം എന്നതാണ് പ്രാഥമിക അനുമാനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നീട് പുറത്തുവരും. റോയിയുടെ ഉടമസ്ഥതയിലുള്ള ബന്നാർഗട്ടയിലെ നേച്ചർ കോൺഫിഡന്‍റ് കാസ്കേഡിൽ നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പൊതുദർശനം. നാളെ വൈകിട്ട് നാലിന് ബന്നാർഗട്ടയിൽ സംസ്കാരം നടക്കും.
സിജെ റോയിയുടെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കർണാടക സർക്കാർ രൂപീകരിച്ചു. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നടത്തിയ സമ്മർദ്ദമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയതിന് പിന്നാലെയാണ്, നിർണായക നീക്കം. ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സൗത്ത്, സെൻട്രൽ ഡിസിപിമാരും രണ്ട് എസിപിമാരും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത അശോക് നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും സംഘത്തിലുണ്ട്. റോയിയുടെ ഡയറിയും രണ്ട് മൊബൈൽ ഫോണുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങളും കോൺഫിഡന്റ് ഗ്രൂപ്പും ആരോപണം കടുപ്പിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഹലസൂരിലെ ഹോട്ടലിലെത്തി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ സഹാദരൻ സി ജെ ബാബുവിന്റെ മൊഴിയും അശോക് നഗർ പൊലീസ് എടുത്തു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ നിരന്തര സമ്മർദമാണ് തന്റെ സഹോദരന്റെ മരണത്തിന് കാരണമെന്നാണ് ബാബു അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി.




