കെ സുരേന്ദ്രന്റെ പദയാത്രയ്ക്കായി വാങ്ങിയ വാഹനം തിരികെ നല്‍കിയില്ലെന്ന് പരാതി

കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രന് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പദയാത്രയ്ക്കായി വാങ്ങിയ വാഹനം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ കേസെടുത്തു. വാഹനം തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് കാട്ടി കാസർകോട് കാഞ്ഞങ്ങാട് സ്വദേശിനി നല്കിയ പരാതിയിലാണ് ശിവസേന സംസ്ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, എറണാകുളം ജില്ലാ സെക്രട്ടറി സുധീര്‍ ഗോപിക്കുമെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.
കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ഗീതു റൈ (42) ആണ് പരാതിക്കാരി. 2024 ജനുവരി 28 നാണ് സംഭവം. ഗീതു റൈയുടെ ഭര്‍ത്താവ് കെ കെ സന്തോഷ് കുമാറിന്റെ വാഹനമാണ് പദയാത്രക്കായി വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. വാടകയോ വാഹനമോ തിരിച്ചുനല്കിയില്ലെന്നാണ് പരാതി.
തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും പരാതിയില്‍ ഉന്നയിക്കുന്നു. കേരളത്തില്‍ എവിടെപ്പോയാലും നിന്നെ ശരിയാക്കി കളയുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.




