രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; അന്വേഷണ സംഘം യോഗം ചേരുന്നു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പരാതി അന്വേഷിക്കുന്ന സംഘം ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് യോഗം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കും. ഡിവൈഎസ്പി എല്‍ ഷാജി, എസ് സാജന്‍, വി സാഗര്‍, ബിനോജ് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.
ഇവര്‍ക്കു പുറമെ വനിതാ ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരും സംഘത്തിലുണ്ടാകും.സാമൂഹിക മാധ്യമങ്ങള്‍വഴിയുള്ള സന്ദേശങ്ങളും കോളുകളുടേയും ആധികാരികത സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്വേഷണ രീതികള്‍ യോഗത്തില്‍ തീരുമാനിക്കും.
ആറ് പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇവരുടെ കൈവശമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. അതേസമയം രാഹുലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. നിലവിലെ പരാതിക്കാരുടെ മൊഴി പ്രകാരം വെളിപ്പെടുത്തല്‍ നടത്തിയവരെ നേരില്‍ കണ്ട് മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. കൂടാതെ പുറത്തുവന്ന സൈബര്‍ തെളിവുകളും പരിശോധിക്കും.