കരുണാകരഗുരു പകർന്നത് ഒരുമയുടെ സന്ദേശം- വി. മുരളീധരൻ

0

പോത്തൻകോട് (തിരുവനന്തപുരം): കാലാകാലങ്ങളിൽ ഗുരുവര്യൻമാർ പകർന്നു തന്ന വെളിച്ചമാണ് ഈ നാടിനെ എക്കാലവും മുന്നോട്ടു നയിക്കുന്നത് . ഭാരതീയ സനാതനധർമ്മപാതയിൽ വെളിച്ചമായ ഗുരുപരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന നാമമാണ് നവജ്യോതിശ്രീകരുണാകരഗുരുവിന്റേതെന്നും ഗുരു ലോകത്തിന് പകർന്നത് ഒരുമയുടെ സന്ദേശമാണെന്നും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇരുപത്തിയാറാമത് നവഒലി ജ്യോതിർദിനം ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ സവിശേഷത ഗുരുശിഷ്യപാരമ്പര്യമാണ്. ആ പാരമ്പര്യത്തെ വീണ്ടെടുക്കാനുളള പരിശ്രമമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഏതു സാഹചര്യത്തിലും ഒരു വ്യക്തി സ്വയം നഷ്ടപ്പെടുമ്പോൾ ആ വ്യക്തിയെ നേരായ സാഹചര്യത്തിലേക്ക് നയിക്കാൻ പ്രാപ്തിയുളള ഒരാളുണ്ട്. അതാണ് ഗുരു. ഗുരുവിനെ ദൈവമായി കാണുന്നത് അതുകൊണ്ടാണ്. ഗുരുവില്ലാതെ ആത്മീയമോ ഭൌതികമോ ആയ അറിവു നേടാൻ സാധിക്കുകയില്ല. ഉളളിലെ അന്ധകാരത്തെ അകറ്റുന്ന ശക്തിയാണ് ഗുരു. ഗുരുമുഖത്തു നിന്നും അറിവുനേടുന്ന വിദ്യാഭ്യാസരീതി ഇവിടെ ഉണ്ടായിരുന്നു. പാരമ്പ്യര്യത്തിൽ അഭിമാനിച്ചുകൊണ്ട് ഗുരുക്കൻമാർ കാട്ടിത്തന്ന പാതയിലൂടെ ഈ നാടിനെ മുന്നോട്ട് നയിക്കാനുളള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായി. ചടങ്ങിൽ മാർത്തോമ സഭ തിരുവനന്തപുരം കൊല്ലം ഭദ്രാസനം ബിഷപ്പ് റവ.ഡോ. ഐസക് മാർ ഫിലിക്‌സിനോസ് എപ്പിസ്‌കോപ്പ, ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമായി. മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ, ഐ.എൻ.റ്റി.യു.സി ദേശീയ വൈസ് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ഡോ. എസ്. അഹമ്മദ്, സംവിധായകൻ രാജീവ് അഞ്ചൽ, കേരള സർവ്വകലാശാല സെന്റർ ഫോർ പെർഫോമിംഗ് വിഷ്വൽ ആർട്‌സ് മുൻ ഡയറക്ടർ ഡോ.രാജാ വാര്യർ, തിരക്കഥാകൃത്ത് വിനു ഏബ്രഹാം, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം. റാസി, പി.ആർ.ഡി. മുൻ അഡീഷണൽ ഡയറക്ടർ വി.ആർ. അജിത് കുമാർ, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീർ, വെമ്പായം അനിൽകുമാർ, ഇ.എ.സലീം, എസ്. ലേഖകുമാരി, കെ. സജീവ്., നസീർ തീപ്പുകൽ, അഡ്വ. എസ്.വി. സജിത്, അഡ്വ.എ.എസ്. അനസ്, പോത്തൻകോട് റാഫി, അനിൽ ചേർത്തല , എം. ചന്ദ്രപ്രകാശ്, ജി. രമേശ്, ആർ. സീമ, എസ്. സിദ്ധാർത്ഥ്, വി.പി. ദേവിക എന്നിവർ പ്രസംഗിച്ചു. ശാന്തിഗിരി ആത്മവിദ്യാലയം മേധാവി ജനനി കൃപ സ്വാഗതവും ശാന്തിഗിരി ഫൗണ്ടേഷൻ സി.ഇ.ഒ പി. സുദീപ് കൃതജ്ഞതയും പറഞ്ഞു. ആശ്രമത്തിൽ എത്തിയ വി.മുരളീധരൻ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമുളള ‘ഏക് പേട് മാ കേ നാം'( അമ്മയുടെ പേരിൽ ഒരു മരം) ക്യാമ്പയിന്റെ ഭാഗമായി സ്പിരിച്വൽ സോണിൽ പേര തൈ നട്ടതിനു ശേഷമാണ് മടങ്ങിയത്.
ഫോട്ടോ : ശാന്തിഗിരി ആശ്രമത്തിൽ ഇരുപത്തിയാറാമത് നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here