
ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു.
ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെയും റെയില്‍വേ സ്റ്റേഷന്റെയും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെയും പരിസരങ്ങളിലെ ഹോട്ടലുകള്‍ക്കും റെയില്‍വേ സ്റ്റേഷന്‍ കാന്റീനിനും തീര്‍ഥാടകര്‍ക്കായി നിജപ്പെടുത്തിയ നിരക്കുകള്‍ ബാധകമാണ്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനപ്രകാരമാണ് ശബരിമല തീര്‍ഥാടകര്‍ക്കും അവരോടൊപ്പം വരുന്നവര്‍ക്കും മാത്രമായുള്ള വില നിശ്ചയിച്ചത്. വിലവിവരപട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.



