യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. 30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. രാവിലെ 7.30 ന് പകരം ഏഴ് മുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.
ഞായറാഴ്ച (മെയ് 25) ആണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ചയ്ക്കുശേഷം 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും കേരള സര്‍ക്കാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.