News

കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറിച്ച സ്വര്‍ണമാല വിഴുങ്ങി ; കേസിൽ ട്വിസ്റ്റ്, വയറിൽ മറ്റൊരു കമ്മലും

കോഴിക്കോട്: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറിച്ച സ്വര്‍ണമാല വിഴുങ്ങിയ കേസിൽ ട്വിസ്റ്റ്. എനിമ നൽകി വയറ്റിൽ നിന്നും മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള യുവതിയുടെ എക്സറേ പരിശോധനയിൽ മറ്റൊരു ആഭരണം കൂടി കണ്ടെത്തി. ഒരു കമ്മലാണ് യുവതിയുടെ വയറ്റിൽ കണ്ടെത്തിയത്. പുതിയതായി നടത്തിയ എക്സറേ പരിശോധനയിൽ ആണ് കമ്മൽ കണ്ടെത്തിയത്. കമ്മൽ എവിടെ നിന്ന് മോഷ്ടിച്ചു എന്ന് യുവതി പൊലീസിനോട് പറിഞ്ഞിട്ടില്ല.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് പാലേമാട് കല്ലന്‍കുന്നന്‍ സമീനയെ (35) തട്ടിപ്പറിച്ച് വിഴുങ്ങിയത്. ഇവരെ കയ്യോടെ പിടികൂടി നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നടത്തിയ എക്‌സ്റേ പരിശോധന നടത്തി വയറ്റില്‍ ആഭരണം കണ്ടെത്തിയിരുന്നു. യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാന്‍ എനിമ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി പൊലീസ് വീണ്ടും എനിമ നല്‍കിയിട്ടും തൊണ്ടി മുതല്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലും, പിന്നീട് വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡിലേക്കും മാറ്റി.

പിടികൂടി നാല് ദിവസം ആയെങ്കിലും ഇതുവരെ മാല പുറത്ത് വന്നിട്ടില്ല. എനിമ നല്‍കി അഞ്ച് ദിവസം കാത്തിരിക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. അതിനിടെ ആണ് വയറ്റിനുള്ളിൽ കമ്മലും കണ്ടെത്തിയത്. മാല പുറത്ത് എടുക്കാൻ ശാസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. യുവതിക്ക് ആരോഗ്യ പ്രശ്നം ഇല്ലാതെ ശസ്ത്രക്രിയ നടത്താൻ പറ്റില്ല. അതേസമയം മാല വയറ്റിൽ നിന്നും താഴേക്ക് വന്നിട്ടുണ്ടെന്നും ഉടനെ പുറത്തെത്തുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് വനിത സി.പി.ഒമാരുടെ കാവലിലാണ് പ്രതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button