News

കുട്ടികൾക്കായി വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരവുമായി സംസ്ഥാന സര്‍ക്കാര്‍ ; ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തുള്ള 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല, കോളജ് വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം മത്സരങ്ങളായാണ് നടത്തുക. സ്‌കൂള്‍ തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളജ് തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും.

സ്‌കൂള്‍ തലത്തില്‍ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. ഈ മത്സരങ്ങളിലുണ്ടാവുന്ന വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം വലിയ ചരിത്രമാകും. സ്‌കൂള്‍ തലത്തില്‍ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതല്‍ മത്സരം ടീം തലത്തിലായിരിക്കും നടത്തുക. സംസ്ഥാന തലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ അന്തിമ വിജയിയെ കണ്ടെത്തും. കോളജ് വിഭാഗത്തില്‍ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളജ് തലത്തില്‍ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന തലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും.

ജനുവരി 12 മുതലാണ് ക്വിസ് മത്സരങ്ങള്‍ ആരംഭിക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാ തലം മുതല്‍ മത്സരം സംഘടിപ്പിക്കുന്നത്. കേരള സമൂഹം ഒന്നടങ്കം അണിനിരക്കുന്ന അറിവിന്റെ മഹോത്സവമായി വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം മാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button