Cinema

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ടീസര്‍ സെപ്റ്റംബര്‍ 18ന് പുറത്തിങ്ങും

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. സെപ്റ്റംബര്‍ 18 നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. ടീസര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഗംഭീര ലുക്കിലാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനര്‍നിര്‍വചിക്കാന്‍ പാകത്തിനാണ് ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

വമ്പന്‍ കാന്‍വാസ്, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷന്‍, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തില്‍ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചത്.

അതിനൂതനമായ വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൌണ്ട് ഡിസൈന്‍ എന്നിവയുമായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ചിത്രം. അടുത്തിടെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകള്‍ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. 2025 ദീപാവലി റിലീസായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഛായാഗ്രഹണം – ആന്റണി സാംസണ്‍, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈന്‍- റസൂല്‍ പൂക്കുട്ടി, പിആര്‍ഒ- ശബരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button