വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പശുക്കടവ് സ്വദേശികളായ നിവിന്‍ വര്‍ഗീസ്, ജില്‍സ് ഔസേപ്പ് എന്നിവരാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ ദിലീപിന് വൈദ്യുതി കെണി ഒരുക്കാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
പന്നികളെ പിടിക്കാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ബോബി എന്ന വീട്ടമ്മ മരിച്ചത്. ബോബിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്തെത്തിയിരുന്നു. മരണം നടന്നതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബോബിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീടിന് സമീപത്തെ കൊക്കോ തോട്ടത്തില്‍ ബോബിയുടെയും, പശുവിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ചത്ത പശുവിന് ഷോക്കേറ്റത് ഇതേ കെണിയില്‍ നിന്നാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.