കേരളത്തില്‍ മാറ്റം സംഭവിച്ചു, ഇത് പുതിയ തുടക്കം; തിരുവനന്തപുരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി

കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇതൊരു പുതിയ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തെ ജനങ്ങളോടും പ്രവര്‍ത്തകരോടും നേതാക്കളോടും അവരുടെ പരിശ്രമം ഫലം കണ്ടതില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ ഊര്‍ജവും പ്രത്യാശയും രൂപപ്പെട്ടതായി അദ്ദേഹം വിലയിരുത്തി.
1987ന് മുമ്പ് ഗുജറാത്തില്‍ ബിജെപി ചെറിയ പാര്‍ട്ടിയായിരുന്നു എന്നും, വെറും രണ്ട് എംപിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മോദി ഓര്‍മ്മിപ്പിച്ചു. 1987ല്‍ അഹമ്മദാബാദ് നഗരസഭ ജയിച്ചതോടെയാണ് ഗുജറാത്തില്‍ മാറ്റം ആരംഭിച്ചതെന്നും പിന്നീട് ഭരണാധികാരം നേടാനായതായും അദ്ദേഹം പറഞ്ഞു. അതുപോലെ കേരളത്തിലും മാറ്റം ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് ബിജെപിക്ക് അവസരം നല്‍കിയതായും മോദി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സംഭവിച്ച മാറ്റത്തിന്റെ അലയൊലികള്‍ സംസ്ഥാനത്തേക്ക് മാത്രമല്ല, രാജ്യത്താകെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറുമെന്നും, രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മോദി ഉറപ്പു നല്കി.
കേരളത്തെ മാറ്റാനുള്ള സമയമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും, ഇതുവരെ സംസ്ഥാനത്ത് രണ്ട് പക്ഷങ്ങള്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചുവെന്നും, ഇനി മുതല്‍ വികസനത്തിന്റെ മൂന്നാമത്തെ പക്ഷം കൂടി ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി.




