‘അപ്പന്റെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട’; ചാണ്ടി ഉമ്മൻ; എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭർത്താവിനെതിരെ ചാണ്ടി ഉമ്മൻ

‘
തൃശൂർ: കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ. അദേഹത്തിന്റെ പേരിൽ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും ചാണ്ടി ഉമ്മൻ അന്നമനടിയിൽ പറഞ്ഞു. ഒജെ ജനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദേഹം. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വർഗീസ് ജോർജിനെ ഉന്നമിട്ടായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ.
ഉമ്മൻ ചാണ്ടിയുടെ മരുമകനാണ് വർഗീസ് ജോർജ്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിൽ ട്വന്റി 20 സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. നിയമസഭയിൽ തന്റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ ജനീഷ് ഉണ്ടാകുമെന്നും കൊടുങ്ങല്ലൂരിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കെ. കരുണാകരന്റെ മണ്ണ് തിരിച്ചുപിടിക്കാനായി എത്തിയ ഉമ്മൻചാണ്ടിയുടെ മകന് നന്ദി അറിയിക്കുന്നതായി ഒ.ജെ ജനീഷ് പറഞ്ഞു. പൊയ്യയിൽ നിന്നും മാള, വലിയപറമ്പ് വഴി അന്നമനട വരെ സൈക്കിൾ ചവിട്ടി ചാണ്ടി ഉമ്മൻ റോഡ് ഷോ നടത്തി. സ്ഥാനാർത്ഥി ഒ.ജെ ജനീഷും സൈക്കിൾ യാത്രയിൽ പങ്കുചേർന്നു. ബൈക്കിലും കാറിലുമായി ആയിരങ്ങളാണ് റാലിയെ അനുഗമിച്ചത്.


