KeralaNews

ദേശീയ പാത ഇടിഞ്ഞതില്‍ നടപടി; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനു വിലക്ക്

മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ (NATIONAL HIGHWAY66) നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകം വ്യക്തമായി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

ഡീബാര്‍ ചെയ്യപ്പെട്ട കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് ദേശീയ പാതാ അതോറിറ്റിയുടെ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല. കണ്‍സള്‍ട്ടന്റ് ആയ എച്ച്ഇസിക്കും സമാന നടപടികളാണ് നേരിടേണ്ടി വരിക. പ്രൊജക്ട് മാനേജരായ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമുണ്ട്. ഐഐടിയിലെ മുന്‍ പ്രൊഫസര്‍ ജിവി റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണത്തിലെ അപാകം പരിശോധിക്കും. ഡോ. ജിമ്മി തോമസ്, ഡോ. അനില്‍ തോമസ് എന്നിവര്‍ സംഘത്തില്‍ അംഗങ്ങളാണ്. ഇവര്‍ മന്ത്രാലയത്തിന് വിശദ റിപ്പോര്‍ട്ട് നല്‍കും.

കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ വ്യാപകമായി വിള്ളല്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലായാണ് വിള്ളല്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ കൂരിയാടും തലപ്പാറയ്ക്കും പുറമെ എടരിക്കോട് മമ്മാലിപടിയിലും ചെറുശാലയിലും വിള്ളല്‍ കണ്ടെത്തി. നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്തെ മേല്‍പ്പാലത്തിന് മുകളിലാണ് 50 മീറ്ററിലേറെ നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് കാഞ്ഞങ്ങാട്ടും ദേശീയപാതയില്‍ മാവുങ്കാലില്‍ റോഡിന്റെ മധ്യത്തിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button