KeralaNews

ഡിജിപി നിയമനത്തില്‍ കേന്ദ്ര നിര്‍ദേശം, 30 വര്‍ഷം സര്‍വീസും ഡിജിപി റാങ്കും നിര്‍ബന്ധമാക്കി

മുപ്പത് വര്‍ഷം സര്‍വീസും ഡിജിപി റാങ്കും ഉള്ളവരെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കാനുള്ള പട്ടികയിൽ ഉള്‍പ്പെടുത്തിയാൽ മതിയെന്ന് കേന്ദ്രം. എഡിജിപി റാങ്കിലുള്ള എം ആര്‍ അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും ഒഴിവാക്കി പട്ടിക നൽകാനാണ് നിര്‍ദ്ദേശം. അതേസമയം എഡിജിപി റാങ്കിലുള്ളവരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാൻ ആഭ്യന്തര വകുപ്പ് ആലോചനയുണ്ട്.

ആറ് പേരുടെ പട്ടികയാണ് പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ സംസ്ഥാനം കേന്ദ്രത്തിന് നൽകിയത്. നിതിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇതിൽ സുരേഷ് രാജ് പുരോഹിത്, എംആര്‍ അജിത് കുമാര്‍ എഡിജിപി റാങ്കിലുള്ളവരാണ്. 30 വർഷം സർവ്വീസ് പൂർത്തിയാക്കിയ ഡിജിപി റാങ്കിലുള്ളവരുടെ കുറവുണ്ടെങ്കിൽ മാത്രം എഡിജിപി റാങ്കിലുള്ളവരെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കാനുള്ള പട്ടികയിൽ ഉള്‍പ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഡിജിപി റാങ്കിലുള്ള നാല് പേര്‍ പട്ടികയിലുള്ള സ്ഥിതിക്കാണ് എഡിജിപി റാങ്കിലുള്ള രണ്ട് പേരെ ഒഴിവാക്കാൻ കേന്ദ്രം സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചത്. അതേസമയം നേരത്തെ എഡിജിപി റാങ്കിലുള്ളവരെയും പട്ടികയിൽ ഉള്‍പ്പെടുത്തിയ കീഴ്വഴക്കം കേന്ദ്രത്തോട് ചൂണ്ടിക്കാട്ടാനാണ് സംസ്ഥാനം ആലോചിക്കുന്നത്. ഇതിനിടെ പട്ടികയിലുള്ള റാവഡ ചന്ദ്രശേറിനെ അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്ന ഐബിയിൽ സെക്രട്ടറി സെക്യൂരിറ്റി എന്ന പദവി നൽകിയിട്ടുണ്ട്. പൊലീസ് മേധാവിയായി പരിഗണിക്കുന്നതിന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഐബിയിൽ പുതിയ ചുമതല നൽകിയത്.

അടുത്തയാഴ്ച യുപിഎസ് സി യോഗം ചേരും. മൂന്നു പേരുടെ പട്ടിക തയ്യാറാക്കി സംസ്ഥാനത്ത് കൈമാറും. റവാഡയ്ക്ക് കേരളത്തിലേയ്ക്ക് മടങ്ങാനാണ് താല്‍പര്യം. യോഗേഷ് ഗുപ്തയോട് സംസ്ഥാന സര്‍ക്കാരിന് പഴയ താല്‍പര്യവുമില്ല. കെ എം എബ്രഹാമിനെതിരായ അനധികൃത സ്വത്തുസമ്പാദന ഫയൽ സർക്കാരുമായി ആലോചിക്കാതെ സിബിഐക്ക് കൈമാറിയതിന് പിന്നാലെയാണ് യോഗേഷ് ഗുപ്തയക്ക് വിജിലൻസ് ഡയറക്ടർ സ്ഥാനം നഷ്ടമായത്. ആദ്യത്തെ മൂന്ന് പേരിൽ ആരെയെങ്കിലും സംസ്ഥാന ഒഴിവാക്കിയാൽ മനോജ് എബ്രാഹം പട്ടിയിൽ ഇടം നേടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button