ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ച ബിബിസി റിപ്പോർട്ടിൽ അത‍ൃപ്തി പരസ്യമാക്കി കേന്ദ്രം

0

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടിൽ അതൃപ്തിയുമായി കേന്ദ്രം. ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ച് വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽ ബിബിസി ഇന്ത്യ മേധാവിയെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഭീകരരെ ആയുധധാരികൾ എന്ന് വിശേഷിപ്പിക്കുന്നതിൽ വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ബിബിസിയെ അതൃപ്തി അറിയിച്ചത്.

ബിബിസി സംപ്രേഷണം ചെയ്യുന്ന വാർത്തകൾ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചതായാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാൽ കർശന നടപടികളിലേക്ക് കേന്ദ്രം നീങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വസ്തുതകൾ അടിസ്ഥാനമാക്കി നിഷ്പക്ഷ വാർത്തകൾ നൽകണമെന്നും സൈനികനീക്കങ്ങളുമായി ബന്ധപ്പെട്ട തത്സമയ വാർത്തകൾ നൽകരുതെന്നുമടക്കം മാധ്യമങ്ങൾക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

അതേസമയം ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്തെന്നു കാണിച്ച് ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നിരോധനം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ പ്രചരിപ്പിച്ചതിനാണ് ചാനലുകൾ നിരോധിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here