National

പാകിസ്താനുമായുള്ള ഏറ്റുമുട്ടൽ; നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്; പിഴവ് മനസിലാക്കി തിരിച്ചടിച്ചു : സംയുക്ത സേനാ മേധാവി

പാകിസ്താനുമായുള്ള ഏറ്റുമുട്ടലിനിടെ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. യുദ്ധ തന്ത്രത്തിലെ പിഴവുകൾ‌ മനസിലാക്കിയെന്നും അത് പരിഹരിച്ചെന്നും അനിൽ ചൗഹാൻ പറഞ്ഞു. സിംഗപ്പൂരിൽ ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സംയുക്ത സേനാ മേധാവി അനിൽ ചൗഹാന്റെ പരാമർശം.

പാകിസ്താനുമായുള്ള സംഘർഷം ഒരിക്കലും ആണവയുദ്ധത്തിന്റെ വക്കിനടുത്തെത്തിയിട്ടില്ലെന്ന് സംയുക്ത സേനാ മേധാവി പറഞ്ഞു.”വിമാനം തകർന്നുവീണതല്ല, മറിച്ച് അവ എന്തിനാണ് തകർന്നുവീണത് എന്നതാണ് പ്രധാനം,” അദേഹം പറഞ്ഞു. എന്നാൽ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദം അദേഹം തള്ളി. എന്നാൽ എത്ര പോർവിമാനം നഷ്ടമായെന്ന് അദേഹം വെളിപ്പെടുത്തിയിട്ടില്ല. എണ്ണമല്ല പ്രധാനമെന്ന് സംയുക്ത സേനാ മേധാവി പറഞ്ഞു.

“നല്ല കാര്യം എന്തെന്നാൽ, ഞങ്ങൾ ചെയ്ത തന്ത്രപരമായ തെറ്റ് മനസ്സിലാക്കാനും, അത് പരിഹരിക്കാനും, അത് തിരുത്താനും, രണ്ട് ദിവസത്തിന് ശേഷം അത് വീണ്ടും നടപ്പിലാക്കാനും, ദീർഘദൂര ലക്ഷ്യമാക്കി ഞങ്ങളുടെ എല്ലാ പോർവിമാനം വീണ്ടും പറത്താനും കഴിഞ്ഞു” ജനറൽ ചൗഹാൻ പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടോ എന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലായിരുന്നു. പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രണണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യ പാകിസ്താന് നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button