KeralaNews

തപാൽ വോട്ട് തിരുത്തിയെന്ന പരാമർശം; ജി സുധാകരനെതിരെ കേസെടുക്കും

തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് പരാമർശം അന്വേഷിക്കാനും കേസെടുക്കാനും ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്. സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സുധാകരൻ നടത്തിയത്. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.

ഇലക്ഷന് പോസ്റ്റൽ ബാലറ്റ് ചെയ്യുമ്പോൾ ഞങ്ങളത് പൊട്ടിക്കും എന്ന് സുധാകരൻ പറയുന്ന വീഡിയോ ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. 1989ൽ കെ വി ദേവദാസ് മത്സരിച്ചു. അന്ന് പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി. ചില എൻജിഒ യൂണിയൻകാർ എതിർസ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നവരുണ്ട്. അന്ന് 15% സ്ഥാനാർത്ഥികളും വോട്ട് ചെയ്തത് എതിർസ്ഥാനാർത്ഥിക്കായിരുന്നു എന്നായിരുന്നു സുധാകരന്റെ ഏറ്റുപറച്ചിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button