യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്‍ലിൻ ദാസ് റിമാന്‍ഡിൽ, ജാമ്യാപേക്ഷയിൽ വിധി നാളെ

0

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ ദാസ് റിമാന്‍ഡിൽ. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തത്. ബെയ്ലിൻ ദാസിന്‍റെ ജാമ്യ ഹര്‍ജിയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിങ് ദാസ് നടത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗം വാദിച്ചു. ബെയ്ലിൻ ദാസിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

ജാമ്യ ഹര്‍ജിൽ പ്രാഥമിക വാദമാണ് ഇന്ന് മജിസ്ട്രേറ്റ് കോടതി കേട്ടത്. ജാമ്യ ഹർജിയിൽ വിധി വരുന്നതുവരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് റിമാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ താൻ ഇടപെട്ടുവെന്നും പ്രശ്നത്തിൽ തന്നെ വലിച്ചിഴക്കുകയായിരുന്നുവെന്നും ബെയ്ലിൻ വാദിച്ചു. അതിനിടയിൽ ഉണ്ടായ സംഭവത്തെ പര്‍വതീകരിച്ചു. തീർത്തും ഓഫിസ് സംബന്ധമായ പ്രശ്നം മാത്രമാണെന്നും പ്രതി ബെയ്‌ലിൻ വാദിച്ചു. സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ല. അഡ്വ. ശ്യാമിലിയെ താക്കീത് ചെയ്യണമെന്ന് മറ്റൊരു അഭിഭാഷക ആവശ്യപ്പെട്ടിരുന്നുവെന്നും ബെയ്ലിൻ വാദിച്ചു.

അതേസമയം, ബെയ്‌ലിൻ നിയമത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള പ്രതിയാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. റിമാന്‍ഡ് ചെയ്ത ബെയ്ലിനെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് അഡ്വ. ശ്യാമിലി ജസ്റ്റിൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here