
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് എതിരെ സുപ്രീംകോടതിയില്‍ വച്ച് ചെരിപ്പെറിഞ്ഞ അഭിഭാഷകന്‍ രാകേഷ് കിഷോറിനെതിരെ ബംഗളൂരുവില്‍ കേസ്. ഓള്‍ ഇന്ത്യ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഭക്തവാചല (73) നല്‍കിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ വിധാന സൗധ പോലീസിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 132, 133 വകുപ്പുകള്‍ പ്രകാരമാണ് രാകേഷ് കിഷോറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക, ഒരു വ്യക്തിയെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയും ആക്രമിക്കുകയോ ബലപ്രയോഗം നടത്തുക തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് രാകേഷ് കിഷോറിനെതിരെ വിധാന്‍ സൗധ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. എന്നാല്‍, സംഭവം നടന്ന സ്ഥലം സംഭവം സ്റ്റേഷന്റെ അധികാരപരിധിക്ക് പുറത്തായതിനാല്‍ സീറോ എഫ്ഐആര്‍ ആയാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ചീഫ് ജസ്റ്റിസിന് നേരെ ഉണ്ടായ ഇത്തരം ഒരു പ്രവൃത്തി മാപ്പര്‍ഹിക്കാത്തതാണ്. ചെരിപ്പ് എറിഞ്ഞ രാകേഷ് കിഷോറിന്റെ പ്രവൃത്തി ശിക്ഷാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു. ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത് കേസ് വിധാന്‍ സൗധ പോലീസ് കേസ് സുപ്രീം കോടതിയുടെ അധികാരപരിധിയിലുള്ള ന്യൂഡല്‍ഹിയിലെ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
കഴിഞ്ഞ ദിവസമായിരുന്നു ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി കേള്‍ക്കുന്നതിനിടെ 71 വയസുള്ള അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞത്. പരാതി ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടെന്നാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്.




