Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് ;യുവതിക്ക് അമിത രക്തസ്രാവമുണ്ടായെന്ന് ഡോക്ടര്‍മാരുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ യുവതിയുടെ മൊഴി സാധൂകരിച്ച് ഡോക്ടര്‍മാര്‍. ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. യുവതി ചികിത്സ തേടിയെന്നും അമിത രക്തസ്രാവം ഉണ്ടായെന്നുമാണ് ഡോക്ടര്‍മാരുടെ മൊഴി. യുവതിയുടെ ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്‍കി.

ഇതുറപ്പിക്കുന്ന ചികിത്സാ രേഖകള്‍ പൊലീസിന് ലഭിച്ചു. യുവതി നല്‍കിയ രേഖകള്‍ ആധികാരികം തന്നെയെന്ന് സ്ഥിരീകരിക്കുന്ന രേഖകളാണ് പൊലീസിന് ലഭിച്ചത്. പരാതിയില്‍ പറയുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ യുവതിക്ക് ഉണ്ടായെന്നാണ് സ്ഥിരീകരണം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പാലക്കാടെത്തി. രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുളള ഫ്‌ളാറ്റിലെത്തി തെളിവെടുത്തു. രാഹുലിനായി പാലക്കാട് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ളാറ്റിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഫ്ളാറ്റിലെത്തി മഹസർ തയ്യാറാക്കി. യുവതിയെയും കൊണ്ടാണ് പൊലീസ് ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിൽ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.

രാഹുലിനെതിരായ പരാതിയിൽ ബലാത്സംഗക്കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button