KeralaNews

ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിൽ കഴിയുന്നവരുടെ ചിലവ് സർക്കാർ ഏറ്റെടുക്കും

പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെയും ആശുപത്രി ചിലവ് ഏറ്റെടുത്ത് സർക്കാർ. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ചിറ്റൂർ എംഎൽഎ കൂടിയായ മന്ത്രി കെ കൃഷ്ണൻകുട്ടിയോട് സംസാരിച്ചു. ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയെന്ന് കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ചികിത്സയിലിരുന്ന ആറുവയസുകാരൻ ആൽഫ്രഡ്‌ നാലു വയസുകാരി എമിലീന എന്നിവർ പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ എമിലീനയുടെയും, മൂന്നേകാലോടെ ആൽഫ്രഡിന്റെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തിൽ ആൽഫ്രഡിന് 75 ശതമാനവും, എമിലീനയ്ക്ക് 60 ശതമാനവും പൊള്ളലേറ്റിരുന്നു. പാലാരിവട്ടം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. അമ്മ എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്. മൂത്ത മകൾ അലീന അപകടനില തരണം ചെയ്തതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.

ഇന്നലെ വൈകിട്ട് പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളിയിൽ ഉണ്ടായ അപകടത്തിലാണ് അമ്മയും മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് പരുക്കേറ്റത്. കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. നഴ്‌സായ എല്‍സി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങുന്ന സമയത്താണ് അപകടം. അപകടം സംഭവിച്ച കാർ ഫയർ ഫോഴ്സ് സംഘം പരിശോധിച്ചു. കാറിൻ്റെ ബാറ്ററിയുടെ ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button