NationalNews

ജി 7 ഉച്ചകോടിയിലേയ്ക്ക് മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി

ജി- 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി(Mark Carney). ഈ മാസം 15 മുതല്‍ 17 വരെയാണ് കാനഡയില്‍ ജി-7 ഉച്ചകോടി നടക്കുന്നത്. കാനഡ പ്രധാനമന്ത്രി തന്നെ ഫോണില്‍ വിളിച്ചു ക്ഷണിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എക്‌സില്‍ പങ്കുവച്ചത്.

”കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഫോണില്‍ വിളിച്ചതില്‍ സന്തോഷം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ മാസം അവസാനം കാനഡയിലെ കനാനസ്‌കീസില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറയുകയും ചെയ്തു. പരസ്പര ബഹുമാനവും സമാന താല്‍പ്പര്യങ്ങളും വഴിയുള്ള വര്‍ധിത വീര്യത്തോടെ ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഉച്ചകോടിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.” മോദി എക്‌സില്‍ കുറിച്ചു.

കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്താണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചാണ് ട്രൂഡോ ഇന്ത്യയുമായി ഇടഞ്ഞത്. ഇരുരാജ്യങ്ങളും പരസ്പരം ഹൈക്കമ്മീഷണര്‍മാരെ പുറത്താക്കുകയും ചെയ്തിരുന്നു. 338 സീറ്റുള്ള പാര്‍ലമെന്റില്‍ വെറും 154 സീറ്റുള്ള ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി 3 കൊല്ലമായി കാനഡ ഭരിച്ചു കൊണ്ടിരുന്നത് സിഖ് വംശജനായ ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി)യുടെ 24 എംപിമാരുടെ പിന്തുണയോടെയായിരുന്നു. 2024 സെപ്റ്റംബറില്‍ എന്‍ഡിപി പിന്തുണ പിന്‍വലിച്ചതോടെ ട്രൂഡോയുടേതു ന്യൂനപക്ഷ സര്‍ക്കാരായി. പിന്നീട് പ്രതിപക്ഷത്തിന്റെ സഹായത്തിലാണ് ട്രൂഡോ തുടര്‍ന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button