KeralaNews

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം ; ​ഗവർണർക്കെതിരെ സർക്കാർ കോടതിയിലേക്ക്

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവൻ വിജ്ഞാപനം ഇറക്കിയതിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്‍ക്കാരിന്‍റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ആര്‍ ബിന്ദു വ്യക്തമാക്കി. ഇതിനെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും സർക്കാർ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവൻ ഇറക്കിയത് ഫെഡറിലസത്തെ തകർക്കലാണെന്നും മന്ത്രി വിമർശിച്ചു. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരിടവേളക്കുശേഷാണ് വീണ്ടും വിസി നിയമനത്തിൽ സര്‍ക്കാരും ഗവര്‍ണറും തമ്മിൽ ഇടയുന്നത്. സെര്‍ച്ച് കമ്മിറ്റിയിൽ നിന്ന് കാലിക്കറ്റ് സര്‍വകലാശാല പ്രതിനിധിക്ക് പിന്‍മാറാനാകില്ലെന്നാണ് രാജ്ഭവന്‍റെ നിലപാട്. തന്നെ ഒഴിവാക്കണമെന്ന ഡോ. എ സാബുവിന്‍റെ ആവശ്യം തള്ളുകയും ചെയ്തു.

സര്‍വകലാശാല സെനറ്റ് ആണ് പട്ടിക നൽകിയതെന്നും ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണമെന്നുമാണ് രാജ്ഭവന്‍റെ മറുപടി. കഴിഞ്ഞ ദിവസമാണ് രാജ്ഭവൻ സ്വന്തം നിലയിൽ വിസി നിയമന അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് വിജ്ഞാപനത്തിലെ നിര്‍ദേശം. പത്തുവര്‍ഷം പ്രൊഫസര്‍ പോസ്റ്റിൽ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷമായി കാലിക്കറ്റ് സര്‍വകലാശാലയിൽ വിസിയില്ല. കഴിഞ്ഞ 31നാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ, ഗവര്‍ണര്‍ നിയമിച്ച സെര്‍ച്ച് കമ്മിറ്റി പ്രതിനിധി സര്‍വകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസര്‍ എ സാബു തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് അയച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button