കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ഇനി അറിയിപ്പ് ഉണ്ടാകും വരെ ഒരു പഠന വകുപ്പുകളും പ്രവര്‍ത്തിക്കില്ല,ക്ലാസുകള്‍ ഉണ്ടാകില്ല.
ഹോസ്റ്റലുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികളും ഹോസ്റ്റലുകള്‍ ഉടന്‍ ഒഴിഞ്ഞ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടില്‍ പോകണമെന്നും നിര്‍ദേശമുണ്ട്.
ഇന്നലെ ക്യാമ്പസില്‍ നടന്ന ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റസ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുകയും ഫല പ്രഖ്യാപനത്തിനായി വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് എസ്എഫ്‌ഐ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. രാത്രി ഏറെനേരം വൈകിയും സംഘര്‍ഷസാധ്യത ഉണ്ടായിരുന്നു.




