രാജ്യത്തെ ഇലക്ട്രോണിക്സ് ഉപകരണ ഉത്പാദന രംഗത്ത് തദ്ദേശീയമായി മികവ് കൈവരിക്കുന്നതിന് 22919 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ആറു വർഷം കൊണ്ട് 59350 കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് ആകർഷിക്കാനും 456500 കോടി രൂപയുടെ ഉത്പാദനം സാധ്യമാക്കാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ 91600 യുവാക്കൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. നിരവധി പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.
ഇലക്ട്രോണിക്സ്, ടെലികോം, കൺസ്യൂമർ, മെഡിക്കൽ, ഓട്ടോമൊബൈൽ, വൈദ്യുതി ഉപകരണങ്ങളുടെ ഉൽപാദനമാണ് ഇതിലൂടെ കേന്ദ്രസർക്കാർ ഉന്നമിടുന്നത്. കമ്പനികളുടെ വിറ്റു വരവും മൂലധന ചെലവും അടിസ്ഥാനമാക്കിയാകും കേന്ദ്രസർക്കാർ പ്രോത്സാഹനം നൽകുക. എത്രപേർക്ക് തൊഴിൽ നൽകുന്നു എന്നതും കേന്ദ്രസർക്കാരിന്റെ സഹായത്തിന്റെ മാനദണ്ഡം ആയിരിക്കും.
ഈ മേഖലകളിൽ സാധാരണയായി ഉയർന്ന മൂലധനച്ചെലവും വിറ്റുവരവ് കുറവുമാണ്. എന്നാൽ കഴിഞ്ഞ ദശാബ്ദത്തിനിടെ ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ശക്തമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ആഭ്യന്തര ഉത്പാദനം 2014-15 ൽ ₹ 1.9 ലക്ഷം കോടിയിൽ നിന്ന് 2023-24 ൽ ₹ 9.52 ലക്ഷം കോടിയായി വർദ്ധിച്ചു. കയറ്റുമതി 2014-15 ൽ ₹ 0.38 ലക്ഷം കോടിയിൽ നിന്ന് 2023-24 ൽ ₹ 2.41 ലക്ഷം കോടിയായും ഉയർന്നിരുന്നു.