ചിറ്റൂരില്‍ കാണാതായ ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം; മൃതദേഹങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ കാണാതായ 14കാരായ ഇരട്ട സഹോദരന്മാര്‍ക്ക് ദുരന്താന്ത്യം. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മൂത്ത സഹോദരന്‍ രാമന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് മുമ്പ് സഹോദരന്‍ ലക്ഷ്മണന്റെ മൃതദേഹം അതേ കുളത്തില്‍ നിന്നാണ് കണ്ടെത്തിയത്.
ചിറ്റൂര്‍ സ്വദേശിയായ കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനും ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഇന്നലെ വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. പതിവുപോലെ വീട്ടില്‍ നിന്നും പുറപ്പെട്ട ഇവര്‍ സമീപത്തെ അമ്പലത്തില്‍ വിളക്ക് കൊളുത്തിയതിനു ശേഷം കാണാതായി.
തുടര്‍ന്ന് നടന്ന വ്യാപകമായ തെരച്ചിലില്‍ ആദ്യം ലക്ഷ്മണന്റെ മൃതദേഹവും പിന്നീട് രാമന്റെയും മൃതദേഹവും കണ്ടെത്തുകയായിരുന്നു. രാമന്റെ വസ്ത്രങ്ങള്‍ കുളത്തിനരികെ കണ്ടെത്തിയതിനെത്തുടര്‍ന്ന് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു.
ഇരുവര്ക്കും നീന്തല്‍ അറിയില്ലെന്ന വിവരം പൊലീസ് അറിയിച്ചു. കുളിക്കാനല്ല, മീന്‍ പിടിക്കാനിറങ്ങിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഒരാള്‍ അപകടത്തില്‍പെട്ടപ്പോള്‍ മറ്റെയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാകാമെന്നതാണ് പൊലീസിന്റെ സംശയം.



