BusinessNews

ബൈജു രവീന്ദ്രന്‍ കോടീശ്വര പട്ടികയില്‍ നിന്ന് പുറത്ത്! അടപടലം തകർന്നെന്ന് ഫോർബ്സ്

മലയാളിയായ ബൈജു രവീന്ദ്രന്‍ ലോകമറിയുന്ന സംരംഭകനും ഇന്ത്യയിലെ മുന്‍നിര കോടീശ്വരനുമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ. ഒരുവര്‍ഷം മുമ്പ് 17,545 കോടിയുടെ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന്‍ ഇപ്പോള്‍ പുജ്യത്തിലാണ് നില്‍ക്കുന്നത്. ബൈജൂസ് തകര്‍ന്ന് കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട് പാപ്പരായി മാറിയിരിക്കുകയാണ് മലയാളി സംരംഭകന്‍. ഫോബ്സ് പുറത്തുവിട്ട ധനികരുടെ പട്ടികയിലാണ് ബൈജുവിന്റെ തകര്‍ച്ചയും വരച്ചുകാട്ടുന്നത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടയ്ക്ക് ആയിരത്തോളം ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. ബൈജുരവീന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസത്തിനെ തുടര്‍ന്ന് നിക്ഷേപകരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കമ്പനി വിട്ടതും ബൈജൂസിന്റെ തകര്‍ച്ച വേഗത്തിലാക്കി.

നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബൈജൂസിലുണ്ടായ ബിസിനസ് തകര്‍ച്ചയാണ് ഈ നിലയിലേക്ക് ബൈജുവിനെ എത്തിച്ചത്. ഇന്ത്യയിലെ തന്നെ മൊത്തം സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളില്‍ മുന്നിലായിരുന്നു ഒരുകാലത്ത് ബൈജൂസ്. ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെ നാല് പേരാണ് ഫോബ്സ് പട്ടിക അനുസരിച്ച് വന്‍ തകര്‍ച്ച നേരിട്ട ധനികര്‍. 2022ല്‍ 22 ബില്യണ്‍ ഡോളറായിരുന്നു ബൈജൂസിന്റെ ആകെ മൂല്യമെങ്കില്‍ ഇന്ന് അത് വെറും ഒരു ബില്യണ്‍ ആയി താഴ്ന്നിരിക്കുന്നു.

2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബൈജൂസ് ലേണിംഗ് ആപ്പിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരെന്ന നേട്ടം പോലും ബൈജൂസ് എത്തിപ്പിടിച്ചിരുന്നു. ബ്രാന്റ് അംബാസിഡറായി ലയണല്‍ മെസ്സിയായിരുന്നു ബൈജൂസിന്. വിദ്യാഭ്യാസ മേഖലയില്‍ തന്നെ വലിയ മാറ്റത്തിനും ബൈജൂസ് ആപ്പ് കാരണമായി മാറി. എന്നാല്‍ മാനേജ്‌മെന്റ് തല പിടിപ്പുകേടും സാമ്പത്തിക പ്രശ്നങ്ങളും വിവാദങ്ങളും ബൈജൂസിനെ തകര്‍ച്ചയിലേക്ക് തള്ളിയിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button