
കോഴിക്കോട് കൊയിലാണ്ടി തോരായിക്കടവ് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീം തകര്‍ന്നുവീണു. പൂക്കോട്-അത്തോളി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടത്തില്‍ തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അടിയന്തര റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
23.82 കോടി രൂപ ചെലവിട്ട് കിഫ്ബി സഹായത്തോടെ നിര്‍മിക്കുന്ന പാലമാണിത്. മഞ്ചേരി ആസ്ഥാനമായുള്ള പി എം ആര്‍ കണ്‍സ്ട്രക്ഷന് കമ്പനിക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല. പൊതുമരാമത്ത് വകുപ്പ് കേരള ഫണ്ട് ബോര്‍ഡ് പിഎംയു യൂണിറ്റിനാണ് മേല്‍നോട്ട ചുമതല. 265 മീറ്ററാണ് പാലത്തിന്റെ നീളം പതിനൊന്ന് മീറ്ററാണ് വീതി. 2023 ല്‍ മന്ത്രി മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്.
പൂക്കാട്, അത്തോളി നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഈ പാലം. ഇത് വരുന്നതോടെ അത്തോളി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് പൂക്കാടേയ്ക്ക് നേരിട്ട് എത്താം. പ്രധാന ടൂറിസം കേന്ദ്രമായ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും ഈ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സാധ്യമാകും.