KeralaNews

വടക്കാഞ്ചേരി കോഴ: ആരുമായും ഡീല്‍ ഇല്ല, വോട്ട് ചെയ്തത് അബദ്ധത്തിലെന്ന് ജാഫര്‍

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ വിവാദത്തില്‍ മലക്കം മറിഞ്ഞ് ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ എല്‍ഡിഎഫ് കോഴ വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തിയ ശബ്ദസംഭാഷണം വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത് അബദ്ധത്തില്‍ ആണെന്നാണ് ഇ യു ജാഫറിന്റെ പുതിയ വിശദീകരണം. പിന്തുണ തേടി സിപിഎം നേതാക്കള്‍ വിളിച്ചിട്ടില്ല. വോട്ട് ചെയ്യാന്‍ ആരും പ്രേരിപ്പിച്ചിട്ടുമില്ല. ഒരു ഡീലും ഇല്ലെന്നും ജാഫര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രേരണയുടെ പുറത്തുമല്ല വോട്ട് ചെയ്തതത്. നാട്ടില്‍ സിപിഎമ്മിനെ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാനാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് പ്രതിഷേധ പ്രകടനം ഉള്‍പ്പെടെ നടന്ന സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നത്. വോട്ട് മാറിപ്പോയത് തന്റെ ഭാഗത്ത് വന്ന തെറ്റാണ് ഇക്കാര്യം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് ഉള്‍പ്പെടെ തയ്യാറാണ്, ആരുടെ കയ്യില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാം. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നും ഇ യു ജാഫര്‍ പറഞ്ഞു.

അതിനിടെ, ഇ യു ജാഫറിന് എതിരെ വടക്കാഞ്ചേരിയില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാവുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ജാഫറിന് എതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജാഫര്‍ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനില്‍ എത്തി. പാവറട്ടി പൊലീസ് സ്റ്റേഷനിലാണ് ജാഫര്‍ എത്തിയത്. തനിക്ക് ഭീഷണിയുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ജാഫര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ യു ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റായ മുസ്തഫയോട് സംസാരിക്കുന്നതാണ് ശബ്ദരേഖ. പിന്നാലെ ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫറിനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ‘രണ്ട് ഓപ്ഷനാണ് സിപിഐഎം നല്‍കുന്നത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് സിപിഐഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാം.’ ഇതായിരുന്നു സിപിഐഎം നല്‍കിയ ഓഫര്‍ എന്ന നിലയിലായിരുന്നു പുറത്തുവന്ന ഫോണ്‍സംഭാഷണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button